കെ. എം മുഹമ്മദ് ; കുമ്പളയുടെ കർമ്മ മണ്ഡലങ്ങളിൽ നിറശോഭ പരത്തിയ വ്യക്തിത്വം

കുമ്പളയിലെ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ കർമ്മ മണ്ഡലങ്ങളിൽ നിറശോഭ പരത്തി ജ്വലിച്ചു നിന്ന കെ. എം മുഹമ്മദ് എന്ന പഴയകാല വ്യാപാരി ഇനി ഓർമ്മ മാത്രം. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം നൊമ്പരങ്ങൾ സമ്മാനിച്ചു നമ്മെ വിട്ടു വിടപറഞ്ഞു പോയത്. 
വാർധക്യ സഹചമായ രോഗങ്ങളാൽ കുറെ കാലമായി വീട്ടിൽ വിശ്രമിക്കുകയായിരുന്നു കെ. എം മുഹമ്മദ്. കുമ്പളയിലെ സാമൂഹിക -സാംസ്കാരിക - മത - വിദ്യാഭ്യാസ - രാഷ്ട്രീയ മേഖലകളിലെ നിലവിലെ അവസ്ഥകളെക്കുറിച്ചൊക്കെ മകനും യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റുമായ കെ. എം അബ്ബാസിൽ നിന്ന്‌ ചോദിച്ചറിയുമായിരുന്നു 80 കാരനായ കെ. എം. മുഹമ്മദ്. 
കെ. എം. മുഹമ്മദിന്റെ അഭാവം സൃഷ്‌ടിച്ച ശൂന്യത നികത്താനാവാത്ത വിടവായ് കുമ്പളയിലെ മത രാഷ്ട്രീയ മേഖലകളിൽ അവശേഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വ്യാപാര മേഖലയിൽ കെ. എം. മുഹമ്മദ് തന്റേതായ ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ ശ്രമിച്ചിരുന്നു. കുമ്പളയിലെ ജനതാ അവിൽ മില്ല്, ജനതാ ജനറൽ സ്റ്റോർ, ഇവയൊക്കെ 1965-80 കാലഘട്ടത്തിലെ അറിയപ്പെടുന്ന കച്ചവട സ്ഥാപനങ്ങളായിരുന്നു. 
മതരംഗത്ത് കെ. എം മുഹമ്മദിന്റെ പ്രവർത്തനത്തിന് കുമ്പളക്കാരുടെ മനസ്സിൽ ഒരു വലിയ സ്ഥാനവും അംഗീകാരവുമുണ്ട്. കുമ്പള ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മർഹൂം ഖാസി മുഹമ്മദ് മുസ്ല്യാരുടെ മഖാം ആദ്യം സ്വന്തമായി നിർമ്മിച്ച് നൽകിയ വ്യക്തി എന്ന നിലയിൽ എക്കാലത്തും കെ. എം. മുഹമ്മദിനെ നാട്ടുകാർ സ്മരിക്കുന്നു. ഈ പ്രവർത്തനത്തിലൂടെ മതരംഗത്ത് ഏറെ ശോഭിക്കാനും കെ. എം മുഹമ്മദിന് കഴിഞ്ഞിരുന്നു. ജമാഅത്ത് ഭാരവാഹിത്വമൊക്കെ ഇതിന്റെ അംഗീകാരമെന്ന് പറയുന്നതാവും ശരി. 
രാഷ്ട്രീയ രംഗത്തും കെ. എം. മുഹമ്മദിന് കുമ്പളയിൽ ഏറെ ശോഭിക്കാൻ കഴിഞ്ഞിരുന്നു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ (പഴയ കാല വിമത ലീഗ് )കുമ്പള പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു കെ. എം മുഹമ്മദ്. മുൻ കേന്ദ്ര മന്ത്രിയും, മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രെസിഡന്റുമായിരുന്ന ഇ അഹമ്മദ് സാഹിബുമായി ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ ബന്ധമാണ് കെ. എം മുഹമ്മദിനെ രാഷ്ട്രീയ രംഗത്ത് സജീവമാക്കിയതും. 
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുമ്പോൾ പാർട്ടിയിലെ പടല പിണക്കങ്ങളും മറ്റും പാർട്ടി വേദികളിലായാലും, നേരിട്ടായാലും വെട്ടിത്തുറന്നു പറയുന്ന രീതിയായിരുന്നു കെ. എം മുഹമ്മദിന്റേത്. ചങ്കൂറ്റത്തോടെയുള്ള ഈ പ്രവർത്തനം മുസ്ലിം ലീഗിന് കുമ്പളയിൽ പഴയകാലത്ത് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ ഇതിനൊക്കെ പരിഹാരമായി ഒരിക്കലും നേതൃത്വ പദവിയോ, ഉന്നത സ്ഥാനമോ കെ. എം മുഹമ്മദ് ആഗ്രഹിച്ചിരുന്നില്ല. ഒരു സാധാരണക്കാരനായി പ്രവർത്തിക്കാനായിരുന്നു താല്പര്യം. 
കെ. എം. മുഹമ്മദിന്റെ വേർപാട് കുമ്പളയിലെ മത രാഷ്ട്രീയ മേഖലകളിൽ ഒരു വിടവ് തന്നെയാണ്. പരേതന്റെ പരലോക ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം....... ആമീൻ...... !
എം. എ. മൂസ മൊഗ്രാൽ
keywords: km, moosa, article, rememberance, kumblavartha-com ma, moosa