മാഹിൻ കൊപ്പളം : സൂക്ഷ്മതയോടെ ജീവിച്ച വ്യക്തിത്വം

സൗമ്യമായ പെരുമാറ്റത്തിലൂടെ, അളന്നു മുറിച്ച വാക്കുകളിലൂടെ ആരെയും നൊമ്പരപ്പെടുത്താതെയുള്ള സ്വഭാവത്തിലൂടെയും വളരെ സൂക്ഷ്മതയോടെയും ജീവിച്ച വ്യക്തിത്വമായിരുന്നു മൊഗ്രാലിൽ മിനിഞ്ഞാന്ന് അന്തരിച്ച കൊപ്പളം സ്വദേശി മാഹിൻച്ചയുടേത്. 
പുഞ്ചിരിയിൽ തേൻ മധുരം പോലെ വാക്കുകൾ മുത്തുമണിയായി കോർത്തിണക്കി മനസ്സിൽ കുളിർമഴ പെയ്യിപ്പിക്കുമാറുള്ള സ്നേഹ പെരുമാറ്റം അതാണ്‌ മാഹിൻച്ചയെ മറ്റുള്ളവരിൽ നിന്ന്‌ വിത്യസ്തനാക്കിയിരുന്നത്. 
പഴയകാല പ്രവാസിയായിരുന്നു മാഹിൻ. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ ചെറിയതോതിൽ ഒരു പലചരക്കു കടയൊക്കെ തുടങ്ങിയിരുന്നു. ജീവിച്ചു പോരാൻ ഇതൊന്നും മതിയാവില്ലെന്നറിഞ്ഞ മാഹിൻ പിന്നീട് കിട്ടുന്ന കൂലി തൊഴിലിലുമേർപ്പെട്ടു. കുറച്ചു കാലമായി വാർധക്യസഹചമായ അസുഖം മാഹിൻചാനെ തളർത്തുകയായിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടതും മരണത്തിന് കീഴടങ്ങിയതും. 
ഏറ്റെടുത്ത ഓരോ തൊഴിലും കൃത്യനിഷ്ഠയോടെ ചെയ്യുക എന്നത് മാഹിൻച്ചക്ക് വലിയ നിർബന്ധം പോലെയായിരുന്നു. സൂക്ഷ്മതയോടെയുള്ള മാഹിൻച്ചയുടെ ധന്യജീവിതം മറ്റുള്ളവർക്ക് മാതൃകയാണ്. സൗമ്യസ്വഭാവം കൊണ്ട് സ്നേഹത്തിന്റേതായ ഒരു ലോകം കീഴടക്കിയ മാഹിനുമുണ്ടായിരുന്നു ഒരു രാഷ്ട്രീയം. അന്തരിച്ച മുൻ പ്രധാനമന്ത്രി വി. പി സിംഗിനെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന മാഹിൻ മൊഗ്രാലിലെ സോഷ്യലിസ്റ്റ് ജനതാദൾ പ്രവർത്തകൻ കൂടിയായിരുന്നു. 
പഴയ വീടൊക്കെ പൊളിച്ചു കൊപ്പളത്തിൽ പുതിയ വീടുപണി നടന്നു വരുന്നതിനിടെയാണ് മാഹിൻച്ചയുടെ പെട്ടെന്നുള്ള വേർപാട്. സൗമ്യമായ പെരുമാറ്റത്തിലൂടെ നാട്ടിലെ അനേകമാളുകളുടെ സ്നേഹം പിടിച്ചു പറ്റാൻ മാഹിന് സാധിച്ചിരുന്നു. അനവധി സ്നേഹ ബന്ധങ്ങളാണ് മാഹിനെന്ന നിഷ്‍കളങ്കനായ മനുഷ്യൻ ഇക്കാലമത്രയും സമ്പാദിച്ചത്. എവിടെ വെച്ച് കണ്ടാലും നിറപുഞ്ചിരിയുമായി സലാം ചൊല്ലി കൈപിടിച്ച് വരുന്ന മാഹിൻച്ചയുടെ ആ മുഖം മനസ്സിൽ നിന്ന്‌ മായാതെ വിങ്ങലായി നിൽക്കുന്നു. ചിലരുടെ പെട്ടെന്നുള്ള വിടവാങ്ങൽ മനസിനെ വല്ലാതെ വേദനിപ്പിച്ചു കളയും. പ്രത്യേകിച്ച് മാഹിൻച്ചയെപോലുള്ളവർ നമ്മെ വിട്ടു പോയി മറയുമ്പോൾ....... 
മാഹിൻ ഇനി ഓർമകളിൽ ജീവിക്കും. അദ്ദേഹത്തിന്നു സർവ്വശക്തൻ മഗ്ഫിറത്തും, മർഹമത്തും നൽകുമാറാകട്ടെ..... ആമീൻ.... 
എന്ന പ്രാർത്ഥനയോടെ....!
keywords: article, mahin, koppalam, article, kumblavartha-com