മൊഗ്രാൽ(www.kumblavartha.com 17.11.2017): വാതിലുകളും ജനാലകളും ഇല്ലാത്ത പണിതീരാത്ത കൊച്ചുവീട്ടിൽ ദുരിതജീവിതം നയിച്ചിരുന്ന മൊഗ്രാൽ ബണ്ണാത്തംകടവിലെ രാമൻ മേസ്തിരിയുടെ അനാഥ കുടുംബത്തിന് ഇനി ഇഴജന്തുക്കളെ പേടിക്കാതെ അന്തിയുറങ്ങുകയും അല്ലലില്ലാതെ ജീവിക്കുകയും ചെയ്യാം.കാലങ്ങളായി അടച്ചുറപ്പില്ലാത്ത വീട്ടിൽ ദുരിതംപേറി ജീവിക്കുന്നതിനിടയിലാണ് രാമൻ മേസ്തിരിയെയും ആകെയുള്ള ആൺതരിയെയും ആകസ്മിക മരണത്തിന്റെ രൂപത്തിൽ വിധി വേട്ടയാടിയത്.ഇതോടെ വിധവയായ ഭാര്യയും നാല് പെൺമക്കളുമടങ്ങുന്ന കുടുംബം പൂർണമായും അനാഥമാവുകയായിരുന്നു.പ്രയാസങ്ങളുടെ അഗാധ ഗർത്തത്തിൽ ആടിയുലയുകയായിരുന്ന ഈ ദളിത് കുടുംബത്തിന് തുണയായി മൊഗ്രാൽ ദേശീയവേദി മുന്നിട്ടിറങ്ങുകയും പകുതിവഴിയിലായിരുന്ന വീടിന്റെ പണി പൂർത്തീകരിച്ച് നൽകുകയുമായിരുന്നു.കൂടാതെ ഈ കുടുംബത്തിന് ഒരു വർഷത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാസാമാസം എത്തിക്കാനുള്ള നടപടിയും ദേശീയവേദി സ്വീകരിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്കായി നാട്ടുകാരുടെയും ഗൾഫ് കമ്മിറ്റിയുടെയും പ്രവാസി സുഹൃത്തുക്കളുടെയും നല്ലനിലയിലുള്ള സഹകരണമാണ് ലഭിച്ചത്.
ഒരു നിർധന കുടുംബത്തിന് തലചായ്ക്കാനായി "ബൈത്തുസ്സുറൂർ" സമർപ്പിച്ച് മാസങ്ങൾക്കകമാണ് ഈ പദ്ധതി ദേശീയവേദി യാഥാർത്ഥ്യമാക്കിയത്.മനുഷ്യത്വം മരവിച്ച്പോയ ഇന്നത്തെ കലുഷിത കാലഘട്ടത്തിൽ മാനവ-മത സൗഹാർദ്ദത്തിന്റെ പുതിയ വാതായനങ്ങൾ തുറന്ന് ദേശീയവേദി നടത്തിയ ഈ വേറിട്ട ജീവകാരുണ്യ പ്രവർത്തനം പരക്കെ പ്രശംസയ്ക്ക് പാത്രമാവുകയാണ്.
പണിപൂർത്തീകരിച്ച പ്രസ്തുത വീടിന്റെ ഉദ്ഘാടനം 2017 നവംബർ 19 ഞായറാഴ്ച്ച വൈകിട്ട് 4:30 ന് ശ്രീ.പി.ബി അബ്ദുൽ റസാഖ് എം.എൽ.എ നിർവഹിക്കും.കുമ്പള സബ് ഇൻസ്പെക്ടർ ശ്രീ.ജയശങ്കർ മുഖ്യാതിഥിയായിരിക്കും. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
keyword: mogral, deshiya, vedhi, news, kumblavartha-com